Society Today
Breaking News

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ്  അറിവിന്റെ വെളിച്ചം തേടി ഇന്ന് വിദ്യാലയങ്ങളുടെ പടികടന്നെത്തുന്നത്.. നാലുലക്ഷത്തിലധികം കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നെടുമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്താകെ 15,452 വിദ്യാലയങ്ങളാണുള്ളത്. ഇതില്‍ 13,964 എണ്ണവും സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലാണ്.സംസ്ഥാന തല സ്‌കൂള്‍  പ്രവേശനോത്സവം ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം, മലയിന്‍കീഴ് ജി എല്‍ പി ബി സ്‌കൂളില്‍ നിര്‍വഹിക്കും.  നവാഗതര്‍ക്ക് മുഖ്യമന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കുകയും ചെയ്യും.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  2023 24 അദ്ധ്യയന വര്‍ഷത്തെ കലണ്ടര്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്യും. മധുരം മലയാളം, ഗണിതം രസം കുട്ടിക്കൂട്ടം കൈപ്പുസ്തക പ്രകാശനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. ഹലോ ഇംഗ്ലീഷ്  കിഡ്‌സ് ലൈബ്രറി ബുക് സീരീസ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രകാശനം ചെയ്യും. മന്ത്രി വി ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കും. തുടര്‍ന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തിന് ശേ ഷമായിരിക്കും ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇതിന് പുറമെ  സ്‌കൂള്‍ തലത്തിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങള്‍ സംസ്ഥാന വ്യാപകമായി  നടക്കും.
 

Top